ഒരുനാൾ ദുര്യോധനൻ ദുർവാസാവ് മഹർഷിയെ സ്വന്തം കൊട്ടാരത്തിലേക്ക് ആനയിച്ചു, വിഭവ സമൃദ്ധിയാർന്ന ഭക്ഷണം കൊടുത്തു സൽക്കരിച്ചു, ശേഷം പഞ്ചപാണ്ഡവർ താമസിച്ചിരുന്ന കാട്ടിലേക്ക് ചെന്ന് അവരെക്കൂടി കണ്ട് അനുഗ്രഹിക്കുവാൻ അപേക്ഷിച്ചു. പാഞ്ചാലിയടക്കം ആറു പേരും വനവാസത്തിൽ കഴിഞ്ഞിരുന്ന കാലമാണെന്ന് ഓർക്കണം. ദുര്യോധനനെപ്പോലെ രാജകൊട്ടാരത്തിലോ സുഖ സൗകര്യങ്ങളിലോ ഒന്നും ആയിരുന്നില്ല അവരുടെ താമസം.
കൊടും കാട്ടിൽ ഇര തേടി അന്നന്ന് കിട്ടുന്നത് കഴിച്ച് ജീവിച്ചിരുന്ന അവരുടെ ഇടയിലേക്കാണ് ദുര്യോധനൻ ദുർവാസാവിനെ അയക്കുന്നത്. ക്ഷിപ്ര കോപ്പിയാണ് ദുർവാസാവ് എന്ന് ദുര്യോധനന് നന്നായറിയാം. ദുർവ്വാസാവ്‌നെ സൽക്കരിച്ചില്ലെങ്കിൽ അദ്ദേഹം പാണ്ഡവരെ ശപിച്ചു കളയുമെന്നും അങ്ങിനെ പാണ്ഡവർ കുലത്തോടെ നശിച്ചു പോകുമെന്നും കണക്കു കൂട്ടിയാണ് ദുര്യോധനൻ ആ പണി ചെയ്തത്. അങ്ങനെ ഒരുനാൾ ദുർവാസാവ് അനേകം ശിഷ്യഗണങ്ങളെയും കൂട്ടി പാണ്ഡവരെ കാണാൻ കാട്ടിലെത്തി. അക്ഷയപാത്രം ഉള്ളതിനാൽ പാഞ്ചാലിയടക്കം ആറു പേർക്കും ഭക്ഷണത്തിനു യാതൊരു മുട്ടും ഉണ്ടായിരുന്നില്ലെങ്കിലും പാഞ്ചാലി കഴിച്ചു കഴിഞ്ഞാൽ ഭക്ഷണം തീർന്നുപോകുമെന്ന ഒരു പ്രത്യേകത ഉണ്ടായിരുന്നു അക്ഷയപാത്രത്തിന്.
പാഞ്ചാലി കഴിച്ചു കഴിഞ്ഞ സമയത്തു തന്നെയാണ് ദുർവ്വാസാവിന്റെ ആഗമനവും. അപ്രതീക്ഷിതമായി ദുർവ്വാസാവിനെ കണ്ടപ്പോൾ ആറുപേരും ഒരുപോലെ ഞെട്ടി. ദുർവ്വാസാവിനെയും ശിഷ്യഗണങ്ങളെയും സൽക്കരിക്കുവാൻ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല പാണ്ഡവരുടെ കുടിലിൽ. മഹാ മഹർഷിയെ വേണ്ടവിധം സൽക്കരിച്ചില്ലെങ്കിൽ വന്നു ചേർന്നേക്കാവുന്ന ഭവിഷ്യത്തിനെപ്പറ്റി ആറു പേർക്കും നല്ല അറിവുണ്ടായിരുന്നു. ഒന്ന് പതറിയെങ്കിലും യുധിഷ്ഠിരൻ മനഃസാന്നിധ്യത്തോടെ മുന്നോട്ടു വന്നു, മുനിയുടെ കാലുകൾ തൊട്ടു വണങ്ങി, ഭക്ഷണം കഴിക്കുന്നതിനു മുൻപ് മുനിയോടും ശിഷ്യ ഗണങ്ങളോടും അടുത്തുള്ള നദിയിൽ ചെന്ന് കുളിച്ചു വരുവാൻ അപേക്ഷിച്ചു. യുധിഷ്ഠിരന്റെ ആതിഥേയത്വത്തിൽ സംതൃപ്തനായ മുനി ശിഷ്യരേയും കൂട്ടി സന്തോഷത്തോടു കൂടെ നദിയിലേക്കു നടന്നു. ദുർവാസാവിന്റെ കോപം ഏതു നേരത്തും ശാപമായി തങ്ങളുടെ തലയിൽ പതിക്കുന്നത് എങ്ങിനെ മറികടക്കാം എന്നതോർത്ത് പാണ്ഡവർ അഞ്ചു പേരും ആലോചനയിൽ മുഴുകി. ഒരു വഴിയും കാണാതെ പാഞ്ചാലി കൃഷ്ണ ഭഗവാനെ സ്മരിച്ചു. പാഞ്ചാലി സ്മരിച്ചാൽ ഓടിയെത്തിയേക്കാം എന്നൊരു വരം ഭഗവൻ കൃഷ്ണൻ പാഞ്ചാലിക്ക് പണ്ട് കൊടുത്തിരുന്നു. പാഞ്ചാലി സ്മരിച്ചതും ഭഗവാൻ പ്രത്യക്ഷനായി. പാഞ്ചാലി ഭഗവാനോട് കാര്യം അവതരിപ്പിച്ചു.
ഭഗവൻ തന്റെ സ്വതസിദ്ധമായ ചിരിയോടെ അക്ഷയപാത്രത്തിന്റെ അരികിൽ പറ്റിപ്പിടിച്ചിരുന്ന ഒരു കഷ്ണം ചീരയിലെ എടുത്തു കഴിച്ചു. ഭഗവാൻ ചീരയിലെ കഴിച്ചതും നദിയിൽ മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന ദുർവാസാവിന്റെയും ശിഷ്യരുടേയും വയർ ഒരു സദ്യ കഴിച്ച കണക്ക് അങ്ങ് നിറഞ്ഞു. കുളിച്ചു കഴിഞ്ഞതും എല്ലാവരും കൂട്ടം ചേർന്നു. ഒരു വറ്റു ചോറ് പോലും ഇനി കഴിക്കാനാവില്ല എന്ന് ശിഷ്യഗണങ്ങളും പറഞ്ഞതോടുകൂടി മഹർഷി ആകെ അങ്കലാപ്പിലായി. കുളിച്ചു വന്നു കഴിക്കാനിരിക്കാം എന്ന് യുധിഷ്ഠിരനോട് പറഞ്ഞ സ്ഥിതിക്ക്, കുളി കഴിഞ്ഞു വന്ന് ഇനി എങ്ങിനെ വിശപ്പില്ല എന്ന് പറയും? കൊടും കാട്ടിൽ തങ്ങൾക്കുവേണ്ടി ഭക്ഷണം പാകം ചെയ്തിരിക്കുന്ന പാണ്ഡവരോട് എങ്ങിനെ ഭക്ഷണം വേണ്ടെന്ന് പറയും? വേറൊരു വഴിയും കാണാതെ മഹർഷിയും ശിഷ്യരും ആ പുഴയരികത്തു നിന്നുകൊണ്ട് യുധിഷ്ഠിരനെ മനസ്സാ അനുഗ്രഹിച്ച് തങ്ങളുടെ കുടിലുകളിലേക്ക് തിരിച്ചു നടന്നു.