അവിയലും ഭീമനും തമ്മിൽ എന്ത് ബന്ധം എന്നല്ലേ?!
അവിയലിന്റെ ഉത്ഭവത്തെപ്പറ്റി ധാരാളം കഥകളുണ്ട്. അതിലേറ്റവും പ്രചാരമുള്ളകഥയിൽ നായകൻ നമ്മുടെ ഭീമസേനനാണ്. ഭീമനാണ് അവിയൽ ആദ്യമായി ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. 12 കൊല്ലം വനവാസവും ഒരു കൊല്ലം ആരാലും അറിയപ്പെടാതെ പ്രച്ഛന്ന വേഷത്തിൽ അജ്ഞാത വാസവുമാണല്ലോ പാണ്ഡവർക്ക് വിധിച്ച ശിക്ഷ.
വനവാസം പൂർത്തിയാക്കിയ പാണ്ഡവർ അജ്ഞാത വാസത്തിനായി വിരാട രാജ്യത്തേക്ക് ചെന്നു. പലരും പല വേഷത്തിൽ പല ജോലികൾ ചെയ്ത് അജ്ഞാത വാസം ആരംഭിച്ചു. ഭീമന്റെ ആകാര വലുപ്പം കണ്ട വിരാട രാജാവ് ഭീമനെ അടുക്കളയിൽ ജോലിക്കായി നിയമിച്ചു. പാകം ചെയ്യാൻ അറിയാത്ത ഒരു പാവത്താനായ പാചകക്കാരനായി ഭീമസേനൻ അവിടെ കഴിഞ്ഞു. ഒരു ദിവസം ഭീമസേനന്റെ ചുമലിൽ അടുക്കളയുടെ നിയന്ത്രണം വന്നു ചേർന്നു, വിരാട രാജാവിന് ഭക്ഷണം ഉണ്ടാക്കി നൽകുക എന്ന ചുമതല അടി തടകളിൽ കേമനായ ഭീമനെ ശരിക്കും വലച്ചു കളഞ്ഞു. രാജാവിന് ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ലേൽ പാചകം അറിയാത്ത പാചകക്കാരനെന്ന നിലയിൽ ആളുകൾ തന്നെ സംശയിക്കുമെന്നും തന്റെ കള്ളി വെളിച്ചത്താവുമെന്നും കണക്കുകൂട്ടിയ ഭീമസേനൻ തന്റെ ഗദ പിടിച്ചു തഴമ്പിച്ച കൈകളെ ചട്ടുകത്തിലേക്ക് നയിച്ചു. പലതും ഉണ്ടാക്കി നോക്കിയെങ്കിലും ഒന്നും ശരിയാവാതെ വന്നപ്പോൾ, ഒടുക്കം പുള്ളിക്കാരൻ വരുന്നത് വരട്ടെ എന്നുകരുതി ഭീമൻ കണ്ണിൽ കണ്ട കുറെ പച്ചക്കറികൾ കൂട്ടിയരിഞ്ഞ് വേവിച്ചു തേങ്ങയും ചേർത്ത് ഒരു കറിയുണ്ടാക്കി വിളമ്പി . രാജാവിനാണേൽ അത് ക്ഷ പിടിക്കുകയും ചെയ്തു. അങ്ങിനെയാണ് അവിയൽ ഉണ്ടായതെന്നാണ് ഒരു കഥ.